ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ;കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും

single-img
17 November 2019

ചെന്നൈ: ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തും. ഐഐടി അധികൃതരുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും ആര്‍ സുബ്രഹ്മണ്യം കൂടിക്കാഴ്ച നടത്തും. കേസില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് കേന്ദ്രത്തിന് കൈമാറും.

ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഏതുസമയവും അറസ്റ്റ്ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകന്‍ കാംപസ് വിട്ടുപോവരുതെന്ന് പൊലിസ് നിര്‍ദേശം നല്‍കി. ഫാതിമയുടെ ആത്മഹത്യാകുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നയാളാണ് സുദര്‍ശന്‍ പത്മനാഭന്‍. സുദര്‍ശന്‍ ഉള്‍പ്പെടെ ആരോപണവിധേയരായ അധ്യാപകര്‍ കാംപസ് വിട്ടുപോവുന്നത് പരിശോധിക്കാന്‍ കാംപസിനു ചുറ്റും പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൊല്ലത്തെ ഫാത്തിമയുടെ വീട്ടിലെത്തുന്നുണ്ട്. ഫാത്തിമയുടെ മാതാവില്‍ നിന്നും സഹോദരിയില്‍ നിന്നും മൊഴിയെടുക്കുന്നതിനും ലാപ് ടോപ്പ്, ടാബ്ലറ്റ് എന്നിവ പരിശോധിക്കുന്നതിനുമാണ് അന്വേഷണസംഘം കൊല്ലത്തെത്തുന്നത്.