ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതബയ രാജപക്‌സെ തിരഞ്ഞെടുക്കപ്പെട്ടു

single-img
17 November 2019

കൊളംബോ: ശ്രീലങ്കയുടെ അടുത്ത പ്രസിഡന്റായി ഗോതബയ രാജപക്സെ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കന്‍ സേനയില്‍ മുന്‍ ലെഫ്റ്റനന്റ് കേണലായി പ്രവര്‍ത്തിച്ചിട്ടുള്ള ഗോതബയ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ശതമാനത്തോടെയാണ് അധികാരത്തിലെത്തുന്നത്. ആദ്യം വോട്ടിംഗ് ശതമാനം കുറവായിരുന്നുവെങ്കിലും ഗോതബയയുടെ പ്രധാന അനുകൂലികളായ സിംഹള ജനതയ്ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ വോട്ടുകള്‍ കൂടി എണ്ണിയപ്പോള്‍ വോട്ട് ശതമാനം ഉയരുകയായിരുന്നു.

തങ്ങള്‍ ഈ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും വിജയത്തില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും രാജപക്സെയുടെ വക്താവായ റംബുക്ക്വെല്ല പറഞ്ഞു. ഗോതബായയുടെ പ്രധാന എതിരാളിയായിരുന്ന സജിത് പ്രേമദാസയ്ക്ക് 45.3 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 80 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. തീവ്രവാദത്തിനെതിരെയും സുരക്ഷ വാഗ്ദാനം ചെയ്തുകൊണ്ടുമുള്ള പ്രചാരണമാണ് ഗോതബയ രാജപക്സെ നടത്തിയത്. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയുടെ സഹോദരനാണ് ഗോതബയ.