ഓട്ടോയില്‍ നിന്നും മോഷ്ടിച്ച ബാറ്ററിയുമായി വിൽക്കാനെത്തിയത് ഉടമയുടെ ആക്രിക്കടയിൽ‍; മോഷ്ടാക്കള്‍ പിടിയില്‍

single-img
17 November 2019

ഗുഡ്സ് ഓട്ടോയിൽ നിന്നും മോഷ്ടിച്ച ബാറ്ററി വിൽക്കാനായി എത്തിയത് ഓട്ടോയുടെ ഉടമയായ പരാതിക്കാരന്റെ ആക്രിക്കടയിൽ‍. ബാറ്ററി മോഷണം പോയതായി പരാതി നൽകി മണിക്കൂറുകൾക്കകം പ്രതികൾ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. പാലക്കാട് ചേറുംകുളം സ്വദേശികളായ പാലവീട്ടിൽ സുരേഷ് (19), കിഴക്കേകുന്ന് പ്രണവ് (18) എന്നിവരും പതിനാറുകാരനുമാണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വടക്കുമണ്ണം പള്ളിക്കു സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയുടെ ബാറ്ററി മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം പറമ്പിൽപീടിക ഇസഹാഖ് പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് ആക്രിക്കടകളിലും ബാറ്ററി കടകളിലും ബാറ്ററി വിൽക്കാൻ വരുന്നവരെ കുറിച്ച് വിവരം നൽകാൻ ആവശ്യപ്പെട്ടു.

അതേസമയം മോഷ്ടാക്കൾ ബാറ്ററി കാണാനില്ലന്ന് പരാതി നൽകിയ ഇസഹാഖിന്റെ ഉടമസ്ഥതയിലുള്ള വെള്ളാരംകുന്നത്തെ ആക്രിക്കടയിലാണ് ബാറ്ററി വിൽക്കാൻ എത്തിയത്. തുടർന്ന് കടയിൽ നിന്നും വിവരം അറിയിച്ചതിനെ തുട്ര‍ന്ന് പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.