കിഫ്‌ബി അഴിമതിയിൽ മുങ്ങി; ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ പൂർണ്ണമായും അഴിമതി; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

single-img
17 November 2019

ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ പൂർണ്ണമായും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർ തമ്മിൽ വിഴിപ്പലക്കലാണെന്ന് പറഞ്ഞ ചെന്നിത്തല എന്തുകൊണ്ട് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യം ഗൗരവമായി കാണുന്നില്ലെന്നും ചോദിച്ചു.

സംസ്ഥാന ധനമന്ത്രിയെ പൊതുമരാമത്ത് മന്ത്രി വിളിക്കുന്നത് ബകനെന്നാണ്. സംസ്ഥാനം ഇതുവരെ കാണാത്ത അഴിമതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ആലപ്പുഴ പദ്ധതിയിലെ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേപോലെ തന്നെ കിഫ്‌ബി അഴിമതിയിൽ മുങ്ങിയെന്നും ജനങ്ങൾക്ക് ശാപമായെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തല ആരോപണം ഉന്നയിച്ച ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്. സുതാര്യമായി ഇടപാടുകൾ നടത്താതിരുന്ന കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആവർത്തിച്ചുള്ള ആവശ്യം ജല അതോറിറ്റി എംഡിയുടെ ഓഫീസ് അട്ടിമറിച്ചതിന്‍റെ രേഖകള്‍ ലഭിച്ചിരുന്നു.