യുവതികളെത്തിയാൽ തടയുമെന്ന് ശബരിമല കർമ്മസമിതി; ഇന്ന് വൈകുന്നേരം വിവിധ കേന്ദ്രങ്ങളിൽ നാമജപയാത്ര

single-img
16 November 2019

ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ യുവതികളെത്തിയാൽ തടയുമെന്ന് ശബരിമല കർമ്മസമിതി. യുവതികളെ തടയുന്നതിനായി എല്ലാ ദിവസവും വിവിധ പ്രദേശങ്ങളില്‍ നിന്നു കര്‍മസമിതി പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തും.

കോടതിവിധിയുടെ പശ്ചാത്തലത്തിൽ ആശയക്കുഴപ്പം ഉള്ളതിനാൽ ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്നാണ് സർക്കാർ നിലപാട്. ഇത് കണക്കിലെടുത്ത് പ്രത്യക്ഷ സമര പരിപാടികള്‍ വേണ്ടെന്നാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കര്‍മസമിതിയുടെ തീരുമാനം.

എന്നാല്‍ യുവതികളെത്തിയാല്‍ തടയാന്‍ പ്രത്യേക പദ്ധതി കര്‍മസമിതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വിവിധ പ്രദേശങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍  ഇരുമുടിക്കെട്ടുമായി തന്നെ ശബരിമലയിലെത്തും. മുതിര്‍ന്ന നേതാക്കളായിരിക്കും നേതൃത്വം നല്‍കുക.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച റിവ്യൂ ഹർജികൾ പരിഗണിക്കുന്ന കാര്യം സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് വിട്ടത് വിശ്വാസികളുടെ വിജയമായി ആഘോഷിക്കുവാനും കർമ്മസമിതി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തും.