മറച്ചുവെക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകൾക്ക് പിന്നിൽ: സദാചാര കമന്റുകൾക്ക് മറുപടിയുമായി സാധിക

single-img
16 November 2019

വിവിധ വിഷയങ്ങളിൽ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ സധൈര്യം വ്യക്തമാക്കാറുള്ള താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെ നിരന്തരം പോരാടുന്നയാൾ കൂടിയാണ് സാധിക.

അത്തരത്തിൽ മോശം കമന്റുകൾ ഇടുന്നവർക്കും സദാചാര വാദികൾക്കും മറുപടി നൽകുകയാണ് സാധിക. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാധിക മനസ്സുതുറന്നത്.

“സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്. ”

“എല്ലാവർക്കുമായി ഒരൊറ്റ മറുപടിയേ ഉള്ളൂ; ഞാനെന്റെ ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. അതെന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാർഥതയുമാണ്. അതിന്റെ പേരിൽ നിങ്ങൾക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. ”

മറച്ച് വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്നും സാധിക പറയുന്നു.

“മലയാളികള്‍ കപട സദാചാരവാദികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. ”

എന്റെ ശരികളാണ് എന്റെ തീരുമാനങ്ങള്‍. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. എന്റെ കുടുംബം ഇന്നുവരെ ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കും ശരികള്‍ക്കും ഒപ്പം നിന്നിട്ടുണ്ട്.