സർക്കാരിന് രാജാവിനേക്കാൾ വലിയ രാജഭക്തി; കടകംപള്ളിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധം: വിമർശനവുമായി പുന്നല ശ്രീകുമാർ

single-img
16 November 2019

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. വിഷയത്തിൽ സർക്കാരിന് രാജാവിനേക്കാൾ വലിയ രാജഭക്തിയാണെന്ന് അദ്ദേഹം ആരോപിച്ചു.

ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ്.
യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.

2007 ൽ വിഎസ് അച്യുതാനന്ദൻ സര്‍ക്കാറും പിണറായി സര്‍ക്കാരും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളത്. അത്തരം ഒരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത് . നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി.