കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു; ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട് പുറത്ത്

single-img
16 November 2019

തിരുവനന്തപുരം ജില്ലയിലെ പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പൂച്ചയുടെ കഴുത്തിൽ കെട്ടിയ കുരുക്കിൽപെട്ട് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർ‌ട്ട് ലഭിച്ചത്. ഇതുവരെ ആന്തരികാവയവ പരിശോധനാഫലം ലഭിച്ചിട്ടില്ല. പൂച്ചയ്ക്ക് വിഷം നൽകിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ആന്തരികാവയവങ്ങൾ പരിശോധനക്കായി അയച്ചത്. ഞായറാഴ്ചയായിരുന്നു പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബ് കെട്ടിടത്തിൽ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മൃഗാവകാശ പ്രവര്‍ത്തകർ നൽകിയ പരാതിയില്‍ വഞ്ചിയൂർ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തങ്ങൾ വിവരം ആദ്യം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

പൂച്ചയെ കൊലചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തീവ്രമായി ആരംഭിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണ ഭാഗമായി ക്ലബ്ബ് ഭാരവാഹികളുടെയും സമീപവാസികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും സംഭവ ദിവസം സ്ഥലത്തില്ലായിരുന്നുവെന്ന മറുപടിയാണ് ക്ലബ്ബ് ഭാരവാഹികൾ നൽകിയതെന്നാണ് വിവരം.

മദ്യലഹരിയിലുള്ള ചിലരാണ് പൂച്ചയെ കൊല്ലാൻ നേതൃത്വം നൽകിയന്നാണ് മൃഗാവകാശ പ്രവര്‍ത്തകരുടെ ആരോപണം.സംഭവത്തിൽ സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.