അന്തരീക്ഷ മലിനീകരണം; ഓക്സിജന്‍ ബാര്‍ തുറന്ന് ഡല്‍ഹി; 15 മിനിറ്റ്‌ ശുദ്ധവായു ശ്വസിക്കാന്‍ 299 രൂപ

single-img
16 November 2019

നമ്മുടെ രാജ്യത്ത് ജനങ്ങള്‍ക്ക് ശ്വസിക്കാനുളള ശുദ്ധവായുവും പണം നല്‍കി വാങ്ങേണ്ട സാഹചര്യങ്ങളിലെക്കെത്തിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന ഡല്‍ഹിയിലാണ് ഓക്‌സിജൻ വിൽക്കുന്ന കേന്ദ്രങ്ങൾ സജീവമാകുന്നത്. ഏഴ്‌ തരത്തിലുള്ള വ്യത്യസ്‌ത സുഗന്ധങ്ങളിൽ ശുദ്ധമായ ഓക്‌സിജൻ ലഭ്യമാക്കുന്ന ഓക്‌സിജൻ ബാർ ഡല്‍ഹി സാകേതിലാണ് ആരംഭിച്ചിരിക്കുന്നത്.

15 മിനിറ്റ്‌ സമയം ശുദ്ധവായു ശ്വസിക്കുന്നതിന്‌ 299 രൂപയാണ്‌ ‘ഓക്‌സി പ്യൂർ’ എന്ന ഓക്‌സിജൻ ബാറിൽ ഈടാക്കുന്നത്‌. ആര്യവീർ കുമാര്‍ എന്ന വ്യക്തിയാണ് ഓക്‌സി പ്യൂർ തുടങ്ങിയത്‌. തലസ്ഥാനത്തെ അന്തരീക്ഷ – വായൂമലിനീകരണം അതീവഗുരുതരമായത്‌ ആരോഗ്യപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കിയതോടെ നിരവധിപ്പേർ ഓക്‌സിജൻ പാർലറിൽ എത്തുന്നുണ്ട്‌.

ഇവിടേക്ക് എത്തുന്നവർക്ക്‌ ട്യൂബിലൂടെ ഓക്‌സിജൻ ശ്വസിക്കാം. മാത്രമല്ല കൈകളില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്‌സിജൻ ബോട്ടിലുകളും ഇവിടെനിന്ന്‌ ലഭിക്കും. പദ്ധതി വിജയിച്ചതിനെ തുടര്‍ന്ന് പൂനെ ഉള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇത്തരം ഓക്‌സിജൻ ബാറുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഡൽഹിയിലെ തന്നെ അന്താരാഷ്‌ട്ര വിമാനത്താളത്തിൽ ഒരു ഓക്‌സിജൻ ബാറുകൂടി തുറക്കാൻ ഓക്‌സി പ്യൂർ പദ്ധതിയിടുന്നുണ്ട്‌.

കൊച്ചുകുട്ടികൾക്കും വയോധികർക്കും ഏറെ ആശ്വാസം നൽകുന്നതാണ്‌ ഓക്‌സിജൻ ബാറെന്ന്‌ ചില സന്ദർശകർ പറഞ്ഞു. അതേസമയം തലസ്ഥാനത്ത് വായൂമലിനീകരണം രൂക്ഷമായതോടെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രികളിലെത്തി. ചെറിയകുട്ടികളും പ്രായമായവരുമാണ്ഇ തിൽകൂടുതലും.