മഹാരാഷ്ട്ര: ഗവര്‍ണറുമായി നടത്താനിരുന്ന ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല • ഇ വാർത്ത | evartha Maharashtra government formation live
National

മഹാരാഷ്ട്ര: ഗവര്‍ണറുമായി നടത്താനിരുന്ന ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല

രാഷ്ട്രപതി ഭരണത്തിലുള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ന്‍ വൈകുന്നേരം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി നടത്താനിരുന്ന ശിവസേന – എന്‍സിപി-കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച മാറ്റിവെച്ചു. ഗവര്‍ണറെ കാണുന്നതിനുള്ള അനുമതി ലഭിക്കാതിരുന്നതുകൊണ്ടാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്നാണ് പാര്‍ട്ടികളുടെ നേതാക്കള്‍ അറിയിച്ചത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനല്ല,കാര്‍ഷിക രംഗത്തെ പ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണറെ കാണുന്നതെന്ന് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മൂന്ന് പാര്‍ട്ടികളും യോജിച്ചുള്ള പൊതു മിനിമം പരിപാടികളുടെ കരട് തയ്യാറായ സാഹചര്യത്തിലാണ് നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്. പക്ഷെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനാണ് ഗവര്‍ണറെ കാണുന്നതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സംസ്ഥാനത്ത് എന്തായാലും ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും അടുത്ത അഞ്ചുവര്‍ഷം പൂര്‍ണമായി ഭരിക്കുമെന്നും പവാര്‍വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് മറുപടി നല്‍കുകയായിരുന്നു ശരദ് പവാര്‍. സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ശരദ് പവാറും ഞായറാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.