അമിത വേഗതയിലെത്തിയ കാര്‍ വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

single-img
16 November 2019

അമിത വേഗതയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാന്നാർ നിരണം സെൻട്രൽ തെക്കേ പഴങ്ങേരിൽ പി സി ഫിലിപ്പിന്റെ മകൻ മോൻസി (34)ആണ് മരിച്ചത്. നിരണം കണിയാംകണ്ടത്തിൽ ബിനു (36) നിരണം തെക്കേ പഴങ്ങേരിൽ രാജു (47), നിരണം മൂക്കോട്ടിൽ ജോമോൻ (പൊന്നൂസ് )(34) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെ മാന്നാർ പുത്തൻപള്ളിക്ക് മുൻവശം റോഡിലായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അമിത വേഗതയെ തുടർന്ന് വളവിൽ നിയന്ത്രണം തെറ്റി എതിർവശത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം തകർന്നു.

അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാർ കാറിന്‍റെ ഇടതു വശത്തെ വാതിലുകൾ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.ഇതിൽ മോൻസി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.