ബാഗ്ദാദിയുടെ മരണം; ഐ എസ് ഭീകരര്‍ കൂട്ടത്തോടെ കീഴടങ്ങുന്നു

single-img
16 November 2019

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായ 241 പേര്‍ അഫ്ഗാനിസ്താന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്‍, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഭീകരര്‍ കീഴടങ്ങിയത്. ഇക്കാര്യം അഫ്ഗാന്‍ സൈന്യമാണ് വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. കീഴടങ്ങിയവരില്‍ നിന്നും 67ഓളം ആയുധങ്ങളും ലഭിച്ചു.

ഇതില്‍ 71 പുരുഷന്മാരും 63 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇത്തരത്തില്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഖ്യയാണിതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ ഐഎസ് ഭീകരര്‍ തയ്യാറായിട്ടില്ല.

അഫ്ഗാനിലെ നംഗ്രഹാര്‍, കുനാര്‍, നുറിസ്താന്‍ എന്നീ പ്രവിശ്യകളില്‍ സജീവമായ ഐഎസ് ഭീകരരും ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഐഎസ് തലവനായ അബുബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞിരുന്നു. അതിന്റെ പിന്നാലെയാണ് ഇത്രയേറെ ഐ എസ് ഭീകരര്‍ കൂട്ടത്തോടെ കീഴടങ്ങുന്നത്.