സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍; ഇന്ത്യന്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം

single-img
15 November 2019

സോഷ്യല്‍ മീഡിയയിലെ ഫേസ്പബുക്ക് അക്കൗണ്ടുകൾ നിർജ്ജീവമാക്കാനും വാട്സാപ്പുകള്‍ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനപ്പെട്ട തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗപ്പെടുത്തി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് സൈനികരെ മാത്രം ലക്ഷ്യമിട്ട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുന്നുണ്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ഇന്ത്യൻ സൈന്യത്തിലെ സൈബര്‍ ഗ്രൂപ്പ് സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിര്‍ദേശമാണ് ഇതിനെ തുടർന്ന് നൽകിയിട്ടുള്ളത്.

സന്യത്തിലെ രാജ്യമാകെയുള്ള എല്ലാ ആസ്ഥാനങ്ങളിലും ഡിവിഷനുകളിലും ബ്രിഗേഡുകളിലും സെന്‍സിറ്റീവ് തസ്തികകളുള്ള ഉദ്യോഗസ്ഥര്‍ക്ക് വാട്‌സാപ് ഒരു ദുര്‍ബലമായ മെസേജിങ് സംവിധാനമാണെന്നും ഇതിനാല്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഉപയോഗിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിൽ പെഗാസസ് എന്ന നിരീക്ഷണ സോഫ്‌റ്റ്വെയര്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചില ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്താന്‍ ഉപയോഗിച്ചതായും റിപ്പോർട്ട് വന്നതിന്റെ പാശ്ചത്തലത്തില്‍ കൂടിയാണ് മുന്നറിയിപ്പ്.

സൈനിക ഉദ്യോഗസ്ഥർ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിക്കരുത്, ഇ-മെയില്‍ ഉപയോഗിക്കരുത്.ഫോൺ ചെയ്യാനും മെസേജ് അയക്കാനും മാത്രം ഉപയോഗിക്കുക, വ്യക്തി വിവരങ്ങള്‍ ഏതെങ്കിലും ഓപ്പണ്‍ സോര്‍സ് ഇന്‍റലിജന്‍സില്‍ ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക, ഇ മെയില്‍ അക്കൗണ്ടുകള്‍ ഏതെങ്കിലും അപ്ലികേഷനുമായി കണക്ട് ചെയ്യാതിരിക്കുക എന്നീ നിർദ്ദേശങ്ങളും ഇതിലുണ്ട്.