എസ്എന്‍ഡിപി യോഗം നേതാവ് 744 ലിറ്റര്‍ വ്യാജകള്ളുമായി പിടിയില്‍

single-img
15 November 2019

കോഴിക്കോട് ജില്ലയിലെ കാരന്തൂരില്‍ നിന്നും 744 ലിറ്റര്‍ വ്യാജകള്ളുമായി എസ്എന്‍ഡിപി യോഗം നേതാവ് പിടിയിലായി. എസ്എന്‍ഡിപി യോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ അശോകനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ എക്സൈസ് സംഘം ഇയാളുടെ വീടിന് സമീപത്തെ ഷെഡില്‍നിന്ന് വ്യാജകള്ളും കളള് നിര്‍മാണത്തിനുള്ള പഞ്ചസാര ലായനിയും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 744 ലിറ്റര്‍ വ്യാജകള്ള് ഔട്ട്ഹൗസില്‍ നിന്നും രണ്ട് ബൊലേറോ ജീപ്പുകളില്‍ നിന്നുമായി കണ്ടെടുക്കുകയായിരുന്നു.

കള്ള് നിർമ്മിക്കാൻ സംഭരിച്ച 300 ലിറ്റര്‍ പഞ്ചസാര ലായനിയും 10 കിലോ പഞ്ചസാരയും പിടിച്ചെടുത്തു. ഇത്രയും അളവിൽ വ്യാജകള്ള് കോഴിക്കോട് നിന്ന് പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. ഇയാൾക്ക് കോഴിക്കോട് റേഞ്ചിൽ രണ്ട് വര്‍ഷം മുന്‍പ് കള്ളുഷാപ്പ് ലൈസന്‍സ് ഉണ്ടായിരുന്നു. ആ സമയത്തും കളളില്‍ മായം ചേര്‍ത്തതിന് ഇയാളുടെ പേരില്‍ എക്സൈസ് കേസും എടുത്തിരുന്നു.

ഷാപ്പിനുള്ള ലൈസന്‍സ് റദ്ദായ ശേഷമാണ് ഇയാള്‍ വീട്ടിൽ വ്യാജകളള് നിര്‍മാണം തുടങ്ങിയതെന്നാണ് സൂചന. അശോകനൊപ്പം സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിക്കുന്നുണ്ട്.