
സേവനത്തിൽ നിന്നും വിരമിച്ചാലും തന്റെ ഒരു ഭാഗം എന്നും സുപ്രീംകോടതിയിൽ അവശേഷിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. രാജ്യത്തെ നീതി നിർവഹണത്തിനായി കഴിവിന്റെ പരമാവധി വിനിയോഗിക്കാനും നിർവ്വഹണത്തിൽ നേരിട്ട തടസ്സങ്ങൾ ഉയർത്തിക്കാട്ടാന്‍ കഴിഞ്ഞെന്നും ഗൊഗോയി പറഞ്ഞു.
സുപ്രീം കോടതിയിൽ ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിൽ വായിച്ച, ഗൊഗോയിയുടെ സന്ദേശത്തിലാണ് ഈ കാര്യങ്ങൾ ഉണ്ടായിരുന്നത്.
രാജ്യത്തിന്റെ 46ാമത്തെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയി വരുന്ന ഞായറാഴ്ചയാണ് വിരമിക്കുക. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. രാജ്യവും ലോകവും ഒരുപോലെ ശ്രദ്ധിച്ച അയോധ്യ, ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിധികള്‍ പുറപ്പെടുവിച്ചത് ഗൊഗോയിയുടെ കാലത്താണ്.