“സ്പ്ലെൻഡർ ബൈക്ക് കണ്ടാൽ മോഷ്ടിച്ചിരിക്കും സാറേ”: ചാടിപ്പോയ കള്ളന്റെ പ്രഖ്യാപനം

single-img
14 November 2019

ഇഷ്ടപ്പെട്ട മോട്ടോർ സൈക്കിൾ ആയ ഹീറോ സ്പ്ലെണ്ടർ എവിടെക്കണ്ടാലും മോഷ്ടിച്ചിരിക്കും. കോട്ടയം സ്വദേശിയായ കള്ളനാണ് ഈ വിചിത്ര സ്വഭാവം.

‘ ബൈക്ക് സ്പ്ലെൻഡർ ആണോ, ഞാൻ കൊണ്ടു പോയിരിക്കും.’ എന്നായിരുന്നു പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ ബൈക്ക് മോഷണ കേസ് പ്രതി കോട്ടയം വടവാതൂർ സ്വദേശി ഉണ്ണിക്കൃഷ്‌ണൻ (20) വീണ്ടും പൊലീസ് പിടിയിലായപ്പോൾ പ്രതികരിച്ചത് . മണർകാട് വച്ച് നാട്ടുകാരുടെ സഹായത്താൽ പൊൻകുന്നം പൊലീസ് തന്നെയാണ് ഇയാളെ പിടിച്ചത്.

കസ്റ്റഡിയിൽ ഇന്നും രക്ഷപ്പെട്ടു പോകുന്ന വഴിയിൽ കണ്ട സ്പ്ലെൻഡർ ബൈക്കും ഉണ്ണികൃഷ്ണൻ മോഷ്ടിച്ചിരുന്നു. ഈ ബൈക്കിൽ പോകുമ്പോഴാണ് ഇയാളെ പൊലീസ് വീണ്ടും പിടികൂടിയത്.

പൊൻകുന്നം മുസ്‌ലിം പള്ളി മൈതാനത്ത് വച്ചിരുന്ന ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ഉണ്ണിക്കൃഷ്ണനെ ചൊവ്വാഴ്ച രാവിലെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് 4 മണിയോടെ കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ച പ്രതി കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴയിൽ കോടതിയുടെ പിൻഭാഗം വഴി രക്ഷപ്പെട്ട പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിർദേശപ്രകാരം പ്രത്യേകം ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി വരികയായിരുന്നു. കോടതി വരാന്തയിൽ നിന്ന് ഓടിപ്പോയ പ്രതി  പൊൻകുന്നം ഗവ.ഹൈസ്കൂളിന് എതിർ വശത്ത് ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്പ്ലെൻഡർ ബൈക്കും മോഷ്ടിച്ച് കടക്കുമ്പോഴാണ് വീണ്ടും പിടിയിലായത്. ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും.