മദ്യ ലഹരിയില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്ത് വരന്‍; വിവാഹം വേണ്ടെന്ന് വധു; ഒടുവില്‍ കുടുംബങ്ങള്‍ തമ്മില്‍ കൂട്ടതല്ല്

single-img
14 November 2019

മദ്യ ലഹരിയില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്ത വരനെ വേണ്ടെന്ന് വധു. യുപിയിലെ ലഖിംപുരിലെ മൈലാനിയിലായിരുന്നു സംഭവം. വരന്റെ പ്രവൃത്തിയില്‍ വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞതോടെ ഇരു കുടുംബങ്ങളും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്.

വിവാഹത്തിന് മുൻപുള്ള ചടങ്ങുകള്‍ മംഗളകരമായി കഴിയുകയും വധൂ വരന്മാര്‍ പരസ്പരം മാലകൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന് ശേഷം മദ്യപിച്ച് ബോധം നഷ്ടമായ വരൻ നാ​ഗിൻ ഡാൻസ് കളിക്കാൻ തുടങ്ങിയതോടെ തനിക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി അറിയിച്ചു. വധുവിന്റെ തീരുമാനത്തില്‍ ദേഷ്യം വന്ന വരൻ യുവതിയെ തല്ലിയതോടെഇരു കുടുംബാം​ഗങ്ങൾ തമ്മിൽ വിവാഹ പന്തലിൽ വാക്കേറ്റമാകുകയും ഇത് കയ്യാങ്കലിയിലേക്ക് മാറുകയുമായിരുന്നു.

വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയതോടെ പ്രശ്നം പറഞ്ഞ് തീര്‍ക്കുകയും വിവാഹ സമ്മാനങ്ങളെല്ലാം തിരിച്ചുനൽകാൻ വരന്റെ വീട്ടുകാർ തയ്യാറാവുകയും ചെയ്തു. വിവാഹം വേണ്ട എന്ന് വെക്കാനുള്ള സഹോദരിയുടെ തീരുമാനം കേട്ടപ്പോൾ ആദ്യം ദുഃഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരൻ പറഞ്ഞു.