ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്; അധ്യാപകനെ ചോദ്യം ചെയ്തു

single-img
14 November 2019

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയ സുദര്‍ശന്‍ പത്മനാഭനെ ഒന്നരമണിക്കൂറോളം അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു.

ആത്മഹത്യ വൻ വിവാദമായതിനെ തുടർന്ന് തമിഴ്നാട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ അഡീഷണല്‍ കമ്മീഷ്ണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഡീഷ്ണല്‍ കമ്മീഷ്ണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്തിലുള്ള ക്രൈബ്രാഞ്ച് സംഘത്തിനാണ് പുതിയ അന്വേഷണ ചുമതല. ഐഐടിയിലെ അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ഫാത്തിമയുടെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഫാത്തിമയുടെ ഈ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ കേസില്‍ പോലീസ് 25 ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല. അതേസമയം ഫാത്തിമയുടെ മരണത്തില്‍ സത്യം പുറത്ത് വരണമെന്നും നീതി ലഭിക്കണമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെസ്റ്റാലിന്‍ വ്യക്തമാക്കി.