ശബരിമല യുവതി പ്രവേശനം; സര്‍ക്കാര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് ചെന്നിത്തല

single-img
14 November 2019

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനം സംബന്ധിച്ച കേസ് വിശാലബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
”മണ്ഡലമകരവിളക്ക് കാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കരുത്. യുവതീപ്രവേശന വിധിയില്‍ സ്റ്റേയില്ലെങ്കിലും വിശാല ബെഞ്ച് വിധി പരിശോധിക്കും. അതുകൊണ്ട് ധൃതിപിടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റുക എന്ന നിലപാട് സര്‍ക്കാര്‍ എടുത്താല്‍ അത് പ്രതിസന്ധി ഉണ്ടാക്കും.” ചെന്നിത്തല പറഞ്ഞു.

പഴയ നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണം. നിര്‍ബന്ധമായി യുവതികളെ ശബരിമലയില്‍ കയറ്റി സംഘര്‍ഷഭൂമിയാക്കി മാറ്റരുതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നല്‍കിയ അഫിഡവിറ്റ്, പ്രയാര്‍ ഗോപാലകൃഷ്ണന്റെ പുനപരിശോധനാ ഹര്‍ജിയും ഒക്കെ കണക്കിലെടുത്താണ് സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നതെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു.

ശബരിമല യുവതീപ്രവേശനം പുനഃപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിടുകയാണ് സുപ്രീംകോടതി ചെയ്തത്.യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല.