റെയില്‍വെ ട്രാക്കില്‍ ഇരുന്ന എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു; മദ്യപിക്കാൻ ഇരുന്നതെന്ന് സംശയം • ഇ വാർത്ത | evartha Four engineering students sitting on tracks run over by a train
National

റെയില്‍വെ ട്രാക്കില്‍ ഇരുന്ന എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു; മദ്യപിക്കാൻ ഇരുന്നതെന്ന് സംശയം

കോയമ്പത്തൂരിൽ റെയില്‍വെ ട്രാക്കില്‍ ഇരുന്ന നാല് എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു. ഇവര്‍ മദ്യപിക്കാനായി ട്രാക്കില്‍ വന്നിരുന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ട്രാക്കിന്റെ സമീപത്തുനിന്ന് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും കിട്ടിയിട്ടുണ്ട്. കോയമ്പത്തൂരിന് സമീപം സുലൂരിനടുത്തുള്ള റാവുത്തര്‍ പാലം റെയില്‍വെ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്.

ഇതുവഴി കടന്നുപോയ ചെന്നൈ – ആലപ്പുഴ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. അപകടം നടന്ന്‍ ഉടന്‍തന്നെ സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ബോതന്നൂര്‍ റെയില്‍വേ പോലീസ് സംഭവസ്ഥലത്തെത്തുകയും നാല് പേരുടെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു.

അതേസമയം അപകടത്തില്‍പ്പെട്ട ഒരാളെ ഗുരുതരപരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ കൊടൈക്കനാല്‍, തേനി, വിരുതുനഗര്‍ ജില്ലകളിലുള്ള രാജ (22), രാജശേഖര്‍ (20), എം ഗൗതം(23), കറുപ്പസ്വാമി(24) എന്നിവരാണ് മരിച്ചത്. ഇവര്‍ പഠിക്കുന്ന അതേ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥി 22 കാരനായ എം വിഗ്നേഷാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്.

നിലവില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.