കണ്ണൂരില്‍ ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രോഗിയായ വിദ്യാര്‍ഥിയെയും സഹോദരനെയും മര്‍ദ്ദിച്ചു

single-img
14 November 2019

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കണ്ണൂരില്‍ അക്രമം. രോഗിയായ വിദ്യാര്‍ഥിയേയും സഹോദരനെയും വണ്ടി തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ അര്‍ജുന്‍ കൃഷ്ണ എന്നിവരെയാണ് തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുലിന് ബസ് യാത്ര കഴിയാത്തതിനാല്‍ ബാങ്കുവായ്പയെടുത്ത് വാങ്ങിയ കാറിലാണ് യാത്ര. ഗോകുലും അര്‍ജുനും ബുധനാഴ്ച വൈകിട്ട് കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തുടര്‍ച്ചയായി ഹോണടിച്ചുവന്ന കെഎല്‍ 13 എഎം 6001 ഇന്നോവ കാറിന് പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല. ഗോകുലും അനുജനും പൂക്കോത്തുനടയില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് — ബിജെപിക്കാരായ ആളുകള്‍ കാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. ക്യാന്‍സര്‍രോഗിയാണെന്നും തല്ലരുതെന്നും അറിയിച്ചിട്ടും അക്രമികള്‍ പിന്‍വാങ്ങിയില്ല.

ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷ്, ചുമട്ടുതൊഴിലാളി പട്ടുവം മുറിയാത്തോട്ടിലെ രാജീവന്‍, തൃച്ചംബരത്തെ പി ടി പ്രസന്നന്‍ തുടങ്ങിയവരാണ് മര്‍ദ്ദിച്ചത്. നാട്ടുകാരാണ് ഗോകുലിനെയും അനുജനെയും ആശുപത്രിയിലെത്തിച്ചത്.