7000 പ്ലാസ്റ്റിക് കുപ്പികളാല്‍ ഒരുങ്ങുന്നത് കൂറ്റൻ തിമിംഗല പ്രതിമ; ഉദ്ഘാടനം ചെയ്യുന്നത് എംടി വാസുദേവൻ നായര്‍

single-img
13 November 2019

അന്തരീക്ഷവും പരിസ്ഥിതിയും കടലും മനുഷ്യന്റെ അലസമായ ഉപയോഗത്താൽ മലിനമാകുകയാണ്. സമുദ്രത്തിലെ അവസ്ഥയാകട്ടെ മനുഷ്യൻ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മൂലം വംശനാശം പോലും സംഭവിക്കുന്ന അവസ്ഥയിലാണ് ജലജീവികളും വിവിധയിനം മത്സ്യങ്ങളും.

ചത്തു കരയ്ക്കടയുന്ന തിമിംഗലങ്ങളുടെ വയറ്റിൽനിന്ന് പലപ്പോഴും കണ്ടെടുക്കുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ്. ഇതുപോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ ബോധവത്കരണത്തിനായി പടുകൂറ്റൻ തിമിംഗല പ്രതിമ നിർമിക്കുകയാണ് കോഴിക്കോട്ടെ മേഖലാ ശാസ്ത്രകേന്ദ്രം.

പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് കോഴിക്കോട് ശാസ്ത്രകേന്ദ്രത്തിന്റെ മുറ്റത്തെ കുളത്തിലാണ് ഉയർന്നു ചാടുന്നതരത്തിലുള്ള തിമിംഗല പ്രതിമ ഒരുങ്ങുന്നത്. ഈ പ്രതിമയുടെ നിർമ്മാണത്തിനായി 7000 പ്ലാസ്റ്റിക് കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന വിദ്യാർഥിസംഘങ്ങൾ‍ വലിച്ചെറിയുന്ന കുപ്പികളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ചു കുപ്പികളും ഉപയോഗിച്ചാണ് പ്രതിമയുടെ നിർമ്മാണം.

നിലവിൽ തിമിംഗല പ്രതിമാ നിർമാണം അവസാനഘട്ടത്തിലാണ്. പണി പൂർത്തിയാകാൻ പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ ഇനിയും ബാക്കിയുണ്ട്. സംസ്ഥാനത്തെ ശിശുദിന പരിപാടികളോടനുബന്ധിച്ച് നാളെ രാവിലെ 10.15ന് സാഹിത്യകാരൻ എംടി വാസുദേവൻ നായർ പ്രതിമ ഉദ്ഘാടനം ചെയ്യും.