ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ തന്നെ; നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി • ഇ വാർത്ത | evartha CJI office under RTI Act, but conditions apply
Latest News, National

ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ തന്നെ; നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി

സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശത്തിന്റെ പരിധിയിയില്‍ വരുമെന്നും ചീഫ് ജസ്റ്റിസ് എന്നത് രാജ്യത്തെ പൊതുസ്ഥാപനമാണെന്നും സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി. സുതാര്യത എന്നത് രാജ്യത്തിന്റെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വന്ന ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതി വിധി പറഞ്ഞത്. സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി വൈ ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരും അംഗങ്ങളാണ്. 2009ലായിരുന്നു സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന് ദല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിച്ചത്.

ചീഫ് ജസ്റ്റിസും ഭരണഘടനാ സ്ഥാപനം ആയതിനാല്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ചു പൗരന്മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കേണ്ടതു നിയമപരമായ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ വിധിക്കെതിരെ 2010 നവംബറിലാണ് സുപ്രീംകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്‍കിയത്.

അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി 2016ല്‍ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തി നല്‍കിയ അപേക്ഷയാണ് കേസിന്റെ തുടക്കം.

ഇയാള്‍ നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഇടപെടുകയും വിഷയം ഹൈക്കോടതിയില്‍ എത്തുകയുമായിരുന്നു.