ശബരിമല വിധി: കേരളത്തില്‍ കനത്ത ജാഗ്രത; സോഷ്യല്‍ മീഡിയകള്‍ നിരീക്ഷണത്തില്‍ • ഇ വാർത്ത | evartha
Breaking News, Kerala

ശബരിമല വിധി: കേരളത്തില്‍ കനത്ത ജാഗ്രത; സോഷ്യല്‍ മീഡിയകള്‍ നിരീക്ഷണത്തില്‍

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ വ്യാഴാഴ്ച സുപ്രീംകോടതിയുടെ വിധി വരാനിരിക്കെ സംസ്ഥാനത്ത് പോലീസ് കനത്ത ജാഗ്രതയില്‍. വിധിയെ തുടര്‍ന്ന് അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടൊപ്പം സോഷ്യല്‍ മീഡിയയും കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും.

സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അയോധ്യ വിധി വരുമ്പോഴും കേരളത്തില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടെത്തിയ അമ്പതിലധികം ഹര്‍ജികളിലാണ് നാളെ വിധി പറയുന്നത്.
2018 സെപ്തംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്.

അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചില്‍.