സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം; കാസര്‍കോട് ഒരാളെ അറസ്റ്റ് ചെയ്തു

single-img
13 November 2019

സമൂഹമാധ്യമങ്ങളില്‍ സാമുദായിക വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് കാസർകോട് ജില്ലയിലെ ഉളിയത്തടുക്ക സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാത്ത ഐ.പിസി 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതോടൊപ്പം മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും.

ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയും സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണെന്നും മുന്നറിയിപ്പുണ്ട്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.

അതേപോലെ തന്നെ നാളെ സുപ്രീം കോടതിയുടെ ശബരിമല പുനഃപരിശോധനാ വിധി വരുന്ന സാഹചര്യത്തിൽ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും അടുത്ത 72 മണിക്കൂര്‍ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.