ജെഎന്‍യു സമരത്തിന്‌ പിന്തുണ; എസ്എഫ്ഐ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിച്ചു

single-img
13 November 2019

ഹോസ്റ്റൽ ഫീസ് വർദ്ധനയ്ക്കും ഡ്രസ് കോഡിനുമെതിരെ ജെഎൻയുവിൽ നടക്കുന്ന വിദ്യാർത്ഥികളുടെ സമരത്തിന്‌ പിന്തുണയുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ കേന്ദ്രമന്ത്രി സഞ്ജയ് ശാംറാവു ധോത്രയെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍.യൂണിവേഴ്സിറ്റിയില്‍ എത്തിയ കേന്ദ്രമന്ത്രിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചു.

കേന്ദ്ര മന്ത്രിക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സര്‍വകലാശാലയിലെ എഡ്യുക്കേഷന്‍ ഡിപാര്‍മെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയായിരുന്നു മാനവ വിഭവശേഷി വകുപ്പ്മന്ത്രിയായ സഞ്ജയ് ശാംറാവു ധോത്ര. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അദ്ദേഹം ഹാളില്‍ പ്രവേശിച്ച ഉടന്‍ തന്നെ എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിക്കുകയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി വേദിയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ പോലീസ് എത്തി വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസും വിദ്യാര്‍ത്ഥികളും സംഘര്‍ഷം ഉണ്ടാകുകയും വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതേസമയം തന്നെ പരിപാടി നടക്കുന്ന ഹാളിന് പുറത്ത് 300 ളം വിദ്യാര്‍ത്ഥികള്‍ പുറത്ത് വായ് മൂടിക്കെട്ടിയും പ്രതിഷേധിച്ചു.