ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു; സിഡ്നിയില്‍ വന്‍നാശം • ഇ വാർത്ത | evartha Forest fires spread in Australia
World

ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു; സിഡ്നിയില്‍ വന്‍നാശം

സിഡ്നി: ഓസ്‌ട്രേലിയില്‍ കാട്ടുതീ കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നു. ആളിക്കത്തിയ കാട്ടുതീ അണയ്ക്കാനാകാതെ അഗ്നിശമനസേന പ്രതിസന്ധിയിലാണ്. അന്തരീക്ഷതാപനില കൂടിയതും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും സാഹചര്യം പ്രതികൂലമാക്കി.

ന്യൂസൗത്ത് വെയില്‍സില്‍ ചൊവ്വാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. മണിക്കൂര്‍ 65 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ് ലാന്‍ഡിലും കഴിഞ്ഞദിവസം സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കാട്ടുതീയില്‍ മൂന്നുമരണം റിപ്പോര്‍ട്ടുചെയ്തു. 100 പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളാണ് വീടുപേക്ഷിച്ചു പോയത്. ഒരാഴ്ചയ്ക്കിടെ 120 ഇടത്താണ് തീ പടര്‍ന്നു പിടിച്ചത്. ന്യൂ സൗത്ത് വെയില്‍സില്‍മാത്രം 10 ലക്ഷത്തോളം ഹെക്ടര്‍ സ്ഥലവും 200 വീടുകളും നശിച്ചു.

സമീപപ്രദേശങ്ങളില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുപോവണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി. സിഡ്നി നഗരത്തിനോടടുത്ത പ്രദേശങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ദുരന്ത സമാനമായ അന്തരീക്ഷമെന്നാണ് അഗ്നിരക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.