ബിജെപിയ്ക്ക് കോര്‍പ്പറേറ്റുകളുടെ സംഭാവന 472 കോടി രൂപ ; 75 ശതമാനവും നല്‍കിയത് ടാറ്റ ഗ്രൂപ്പ്

single-img
13 November 2019

2018-19 കാലയളവിൽ ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ രാജ്യത്തെ കോർപ്പറേറ്റുകൾ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ഇതിൽ 356 കോടി രൂപ( 75 ശതമാനം)യും ടാറ്റ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റിൽ (പിഇടി) നിന്ന് മാത്രമായിരുന്നു എന്ന് കണക്കുകൾ.

അതേസമയം നാല് ഇലക്ടറല്‍ ട്രസ്റ്റുകളിൽ നിന്ന് കോൺഗ്രസിന് 99 കോടി രൂപയും ലഭിച്ചു. ഈ തുകയിൽ 55.6 കോടി രൂപ ( 56 ശതമാനം) പി‌ഇടിയാണ് നല്‍കിയത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ വാർഷിക സംഭാവന റിപ്പോർട്ടുകൾ പ്രകാരമുളള കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ഇതിനെല്ലാം പുറമെ വ്യക്തികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും 20,000 രൂപയ്ക്ക് മുകളിലുള്ള തുകയായി 2018-19 ൽ ബിജെപിക്ക് ലഭിച്ച സംഭാവന 741.98 കോടി രൂപയാണ്. മുൻ വർഷത്തിൽ ലഭിച്ച 437.69 കോടിയിൽ നിന്ന് 69.5 ശതമാനം വർദ്ധനവാണ് ബിജെപിയ്ക്ക് ഉണ്ടായത്.