അമ്പലപ്പുഴ പാല്‍പായസ വിവാദം; പേര് മാറ്റേണ്ടതില്ല എന്ന് ദേവസ്വം മന്ത്രി

single-img
13 November 2019

ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഗോപാല കഷായം എന്ന് മാറ്റുന്നതിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. പേര് മാറ്റത്തിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും നേരത്തെ രംഗത്തെത്തിയിരുന്നു.

എതിർപ്പുകൾ ശക്തമായപ്പോൾ അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും ആ രീതിയിലുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ പത്മകുമാർ വ്യക്തമാക്കുകയുണ്ടായി. ക്ഷേത്രത്തിന്റെ പേരിൽ അമ്പലപ്പുഴ പാൽപ്പായസം പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വിൽക്കുന്നത് ദേവസ്വം ബോ‍ർഡ് പിടികൂടിയിരുന്നു.

ഇതിനെ തുടർന്നാണ് പായസത്തിന് പേറ്റന്റ് നേടിയെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പുതുതായി അമ്പലപ്പുഴ പാൽപ്പായസം, ഗോപാല കഷായം എന്നീ പേരുകളിൽ പേറ്റന്‍റ് നേടാനായിരുന്നു ശ്രമം. ഇതിന് കാരണമായി ചരിത്ര രേഖകളിൽ അമ്പലപ്പുഴ പാൽപ്പായസത്തിന്, ഗോപാല കഷായം എന്നും പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോ‍ർഡ് പറയുകയും ചെയ്തു.