മരട് ഫ്ലാറ്റ്: സ്ഫോടനം നടന്ന്‍ ആറ് സെക്കൻഡിൽ കെട്ടിടം നിലം പതിക്കും

single-img
12 November 2019

തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് അനധികൃത നിർമ്മാണം നടത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുന്നതിന് ആകെ എടുക്കുന്ന സമയം 12 സെക്കൻഡ് മാത്രം. ഈ സമയത്തിന്റെ ആദ്യ പകുതി സ്ഫോടക വസ്തുക്കൾ ജ്വലിപ്പിക്കാനുള്ളതാണ്. സ്ഫോടനം നടക്കുന്ന പിന്നാലെയുള്ള ആറ് സെക്കൻഡിൽ കെട്ടിടം നിലം പതിക്കുമെന്ന് 3 ഫ്ലാറ്റുകൾ പൊളിക്കാൻ കരാറെടുത്ത എഡിഫസ് എൻജിനീയറിങ് പാർട്നർ ഉത്കർഷ് മേത്ത പറഞ്ഞു.

ആകെ 19 നിലകളിലുള്ള ഹോളിഫെയ്ത് എച്ച്2ഒ ഫ്‌ളാറ്റിൽ 5 നിലകളിലാണ് നിയന്ത്രിത സ്ഫോടനം നടത്തുക. ഗ്രൗണ്ട്, 1, 5, 9, 12 എന്നീ നിലകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചശേഷം മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലായിരിക്കും ഓരോ നിലകളിലെയും സ്ഫോടനങ്ങൾ നടത്തുന്നത്.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഏത് രീതിയിലാണ് ഭൂമിയിൽ പതിക്കേണ്ടത് എന്നതിന് അനുസരിച്ചാണ് ഈ സ്ഫോടനങ്ങൾ ക്രമീകരിക്കുക. ഓരോ ഫ്‌ളാറ്റുകൾക്കും വ്യത്യസ്ത സ്ഫോടന പദ്ധതികളാണു നടപ്പാക്കുക. അടുത്ത ജനുവരി 11, 12 തീയതികളിൽ നടത്തുന്ന നിയന്ത്രിത സ്ഫോടനങ്ങളിൽ മുൻകരുതലായി 200 മീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കും. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.