എൻസിപിയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ സമയം ബാക്കി നിൽക്കവേ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകി ഗവർണർ • ഇ വാർത്ത | evartha Governor recommends President's rule in Maharashtra
Latest News, National

എൻസിപിയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ സമയം ബാക്കി നിൽക്കവേ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകി ഗവർണർ

എൻസിപിയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ സമയം ഇനിയും ബാക്കി നിൽക്കവേ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകി ഗവർണർ. ഇന്ന് വൈകിട്ട് ഏട്ടര വരെ എൻസിപിക്ക് സ‌ർക്കാരുണ്ടാക്കാൻ സമയം ഉണ്ടായിരിക്കെയാണ് ​ഗവ‌ർണ‌റുടെ ശുപാർശ.

ഭരണഘടനയിൽ പറയുന്ന രീതിയിൽ സ‌ർക്കാ‌ർ രൂപീകരണം മഹാരാഷ്ട്രയിൽ നടക്കില്ലെന്ന് ബോധ്യപ്പെട്ടെന്നാണ് ​ഗവ‌‌ർണ‌ർ പുറത്തിറക്കിയ വാ‌ർത്താക്കുറിപ്പിൽ വിശദീകരണമായി പറയുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിലും ധാരണയായി.

ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേർന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരിക്കാന്‍ ബിജെപി എംഎൽഎമാരെ ഉള്‍പ്പെടെ എന്‍സിപി ശരത് പവാർ ബന്ധപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ അടിയന്തര നീക്കം നടത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് തീരുമാനമെടുത്തെന്നും ഇതിനുള്ള ശുപാർശ ഉടൻ നൽകുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ സാവകാശം നൽകുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രീം കോടതിയെ സമീപിച്ചു.

ഗവര്‍ണര്‍ ആദ്യം ബിജെപിക്ക് 48 മണിക്കൂർ സാവകാശം നൽകിയപ്പോള്‍ കേവലം 24 മണിക്കൂർ മാത്രമാണ് ശിവസേനയ്ക്ക് നൽകിയതെന്ന പരാതി ശിവസേന മുന്‍പ് തന്നെ ആരോപിച്ചിരുന്നതാണ്.