ഭക്ഷണം പാകം ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തി വീട്ടമ്മയെ ഇരുമ്പ് ഗ്രില്ലിൽ ബന്ധിച്ചു; കിനാലൂരിൽ മുഖംമൂടി ആക്രമണം തുടരുന്നു • ഇ വാർത്ത | evartha
Kerala

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തി വീട്ടമ്മയെ ഇരുമ്പ് ഗ്രില്ലിൽ ബന്ധിച്ചു; കിനാലൂരിൽ മുഖംമൂടി ആക്രമണം തുടരുന്നു

ജനത്തെ ഭീതിയിലാക്കികോഴിക്കോട് ജില്ലയിലെ കിനാലൂരിൽ മുഖംമൂടി ആക്രമണം തുടരുകയാണ്. ഇന്നലെയായിരുന്നു കൈതച്ചാൽ ജയപ്രകാശന്റെ വീട്ടിൽ വീട്ടമ്മയെ കെട്ടിയിട്ട് അപായപ്പെടുത്താനുള്ള ശ്രമം നടന്നത്.

ലോറി ഡ്രൈവറായ ജയപ്രകാശൻ 5.15ന് ജോലിക്ക് പോയശേഷം ഭാര്യ ശ്രീജ അഞ്ചരയോടെ വീടിന്റെ അടുക്കള ഭാഗത്തിന്റെ പുറത്ത് ടാർപോളിൻ കെട്ടിയ ഭാഗത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഇവരുടെ മകനും മകളും ഉറങ്ങുകയായിരുന്നു. വീട്ടമ്മയുടെ പുറകിലൂടെ എത്തിയ ആൾ കണ്ണും വായും പൊത്തിപ്പിടിച്ച ശേഷം പിന്നിലേക്ക് വലിച്ചിഴച്ച് ചുമരിൽ ചാരി നിർത്തി ഇരുമ്പ് ഗ്രില്ലിൽ ബന്ധിക്കുകയായിരുന്നു.

അതിന് ശേഷം പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തും അയലിൽ ഉണക്കാനിട്ട ചുരിദാറിന്റെ പാന്റ്സ് ഉപയോഗിച്ച് കൈകളും കെട്ടിയിട്ടു. ഇതിനിടയിൽ മുഖം പൊത്തിയിരുന്ന കൈ അയഞ്ഞപ്പോൾ വീട്ടമ്മ കൈയ്യിൽ ആഞ്ഞു കടിച്ചതോടെയാണ് അക്രമി പിടിവിട്ടത്. തുടർന്ന് അക്രമി ഓടിപ്പോയി. അല്പസമയ ശേഷം 6 വയസുള്ള മകൾ പുറത്തേക്ക് എത്തിയപ്പോഴാണ് ശ്രീജയെ കെട്ടിയിട്ട നിലയിൽ കണ്ടത്.

ഈ കുട്ടി ഉടൻ സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. തുടർന്ന് മകൻ എത്തിയാണ് ശരീരത്തിലെ കെട്ടുകൾ അഴിച്ചുമാറ്റിയത്.ആക്രമണത്തിൽ ഒന്നിലധികം ആളുകൾ ഉണ്ടാകാമെന്നാണ് വീട്ടുകാർ പറയുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴുത്തിൽ വേദനയുള്ളതിനാൽ ശ്രീജ ആശുപത്രിയിൽ ചികിത്സ തേടി.

ഇതിന് സമാനമായി മുഖം മൂടി ധരിച്ചെത്തിയ ആൾ കഴിഞ്ഞ ആഴ്ച യുവതിക്കും വയോധികക്കും നേരെ ആക്രമണം നടത്തിയിരുന്നു. ഇതുപോലുള്ള സംഭവങ്ങളുടെ പിന്നിൽ ലഹരി സംഘങ്ങളാണെന്ന സംശയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കിനാലൂർ എസ്റ്റേറ്റിനു സമീപത്തെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ യുവതിക്കു നേരെ ഐസ്ക്രീം ബോൾ എറിയുന്ന സംഭവവും ഉണ്ടായി.