ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാര്‍; പേര് വിവരങ്ങള്‍ പുറത്ത് വിട്ടു • ഇ വാർത്ത | evartha Six workers, believed to be Indians, killed at Oman
Oman, Pravasi

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാര്‍; പേര് വിവരങ്ങള്‍ പുറത്ത് വിട്ടു

ഒമാനിലെ ജലവിതരണ പദ്ധതി സ്ഥലത്ത് കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരിച്ചവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തി.

തമിഴ്നാട്ടില്‍ മധുര സ്വദേശിയായ ഷണ്‍മുഖ സുന്ദരം(43), ആന്ധ്രാ സ്വദേശികളായ ബുദപന രാജ് സത്യനാരായണ(22), ഉസുരുസൂര്‍ത്തി ബീമ രാജു(30), ബിഹാറിലെ പാട്നയില്‍ നിന്നുള്ള സുനില്‍ ഭാര്‍തി(29), വിശ്വകര്‍മ്മ മഞ്ചി(29), യുപി സ്വദേശിയായ വികാഷ് ചൗഹാന്‍ മുഖദേവ് എന്നിവരാണ് മരിച്ചത്.

മസ്കറ്റിലെ അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവന്നിരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടം സംഭവിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇവിടെ നിന്നും ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു എങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവർ ജോലി ചെയ്യുന്ന സമയം പൈപ്പിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. ഏകദേശം 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാന്‍ സാധിച്ചത്.

തികച്ചും പ്രതികൂലമായ കാലാവസ്ഥയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതാണ് അപകട കാരണമായതെന്നും പൂര്‍ണ്ണമായ ഉത്തരവാദിത്തം കമ്പനിക്കാണെന്നുമാണ് ട്രേഡ് യൂണിയനുകളുടെ ആരോപണം. വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂണിയന്‍സ് അറിയിച്ചിരുന്നു.