പ്രളയ ദുരിതാശ്വാസം: ലോകബാങ്ക് പണം വകമാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി; ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്ന് ധനമന്ത്രി

single-img
11 November 2019

പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിനുള്ള ലോകബാങ്കിന്റെ പണം ദൈനംദിന കാര്യങ്ങൾക്ക് ചെലവഴിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്. മന്ത്രിയുടെറെ പ്രസ്‍താവനയെത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങി. ലോകബാങ്ക് പണം വകമാറ്റി ചെലവഴിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു ധനമന്ത്രിയുടെ അഭിപ്രായപ്രകടനം.

ഇതിനെ തുടർന്ന് തുക വകമാറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചു എന്ന് പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസത്തിന് ലോകബാങ്ക് നൽകിയ പണം ചെലവഴിക്കാൻ പദ്ധതി തയ്യാറാക്കി വരുന്നുണ്ട് എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

പദ്ധതി തയ്യാറാകുന്നത് വരെ പണം ട്രഷറിയിലുണ്ടാകും. ഈ പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ട്രഷറിയിലെ ബാലൻസ് പരിശോധിച്ചാൽ ലോക ബാങ്കിന്റെ പണം അവിടെ ഇല്ലെന്ന് വ്യക്തമാകുമെന്ന് പ്രതിപക്ഷ എംഎല്‍എ വി ഡി സതീശന്‍ പ്രതികരിച്ചു.

പണം അക്കൗണ്ടില്‍ ഉണ്ടെന്ന് സഭയെ ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതിനാല്‍ ധനമന്ത്രിയുടെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഈ സമയമാണ് പണം ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്നും പ്രളയ ദുരിതാശ്വാസ പദ്ധതികൾക്ക് പണം നൽകാൻ സമയമാകുമ്പോൾ അത് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞത്.