എൻകെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുപറഞ്ഞ് തട്ടിപ്പ്: ആർഎസ് പി ജില്ലാ നേതാവിന്റെ മകനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

single-img
11 November 2019

കൊല്ലം: എംപിമാരായ എൻകെ പ്രേമചന്ദ്രന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരു പറഞ്ഞ് വിസ തട്ടിപ്പ് നടത്തിയ ആർഎസ് പി ജില്ലാ നേതാവിന്റെ മകനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിലേൽപ്പിച്ചു. ഒട്ടേറെ വീസ തട്ടിപ്പ് കേസുകളിൽ പ്രതിയായ കുളത്തൂപ്പുഴ സ്വദേശി ഷജിനെ(തമ്പി– 43)യാണു സിനിമ സ്റ്റൈലിൽ പിടികൂടിയത്.

കുളത്തൂപ്പുഴ, അഞ്ചൽ, കുമളി, തിരുവനന്തപുരം മ്യൂസിയം, ചേലക്കര, മട്ടന്നൂർ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ വീസ തട്ടിപ്പ്, ചെക്ക് തട്ടിപ്പ്, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഷജിൻ. 

എംപിമാരായ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉടമസ്ഥതയിൽ ഒമാനിൽ കമ്പനിയുണ്ടെന്നും അവിടെ ജോലി വാങ്ങി നൽകാമെന്നും പറഞ്ഞായിരുന്നു അവസാനത്തെ തട്ടിപ്പ്.

പതിനഞ്ചോളം യുവാക്കളിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയ ഷജിൻ ഇവരെ സന്ദർശക വീസയിൽ ഒമാനിൽ എത്തിച്ച ശേഷം കടന്നു കളഞ്ഞു. ജോലിയും ആഹാരവുമില്ലാതെ മാസങ്ങളോളം കഷ്ടപ്പെട്ട യുവാക്കൾ മലയാളി സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു.

ഇന്നലെ പണം തിരികെ ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ വീടു വളഞ്ഞു.  ഒത്തുതീർപ്പു ചർച്ച നടക്കുന്നതിനിടെ, പൊലീസ് എത്തിയപ്പോൾ കടന്നുകളയാൻ ശ്രമിച്ച ഷജിനെ പരാതിക്കാർ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. 

തന്റെ പേര് ദുരുപയോഗം ചെയ്തതിനു ഷജിനെതിരെ എൻ.കെ.പ്രേമചന്ദ്രൻ പൊലീസിൽ പരാതി നൽകും. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കടപ്പാട്: മനോരമ