സിസിടിവി റെക്കോര്‍ഡർ എന്ന് കരുതി ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് അഴിച്ചെടുത്തു; ജ്വല്ലറി കൊള്ളയടിച്ച സംഘത്തിന് പറ്റിയത് വന്‍ അബദ്ധം • ഇ വാർത്ത | evartha Robbers steal TV set top box, mistaking it for a CCTV recorder
Featured, National

സിസിടിവി റെക്കോര്‍ഡർ എന്ന് കരുതി ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് അഴിച്ചെടുത്തു; ജ്വല്ലറി കൊള്ളയടിച്ച സംഘത്തിന് പറ്റിയത് വന്‍ അബദ്ധം

ജ്വല്ലറിയിൽ വൻ കൊള്ള നടത്തിയ ശേഷം അതിന്റെ തെളിവ് ഇല്ലാതാക്കാൻ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡർ ആണെന്ന് കരുതി ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് അഴിച്ചുമാറ്റിയ മോഷ്ടാക്കൾക്ക് സംഭവിച്ചത് വൻ അമളി. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ബീഗംപുറില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

മോഷണം നടത്തിയ നാലാം​ഗസംഘത്തിന്റെ മുഖം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഉപഭോക്താക്കളെന്ന വ്യാജേന രണ്ടുപേര്‍ ജ്വല്ലറിയിൽ എത്തുകയായിരുന്നു. ഈ സമയം ഉടമ ഗുല്‍ഷന്‍ മാത്രമേ ജ്വല്ലറിയിലുണ്ടായിരുന്നുള്ളു. പിന്നാലെ മറ്റു രണ്ടുപേര്‍ കൂടിയെത്തുകയായിരുന്നു.

ഷോപ്പിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ സംഘം കടയുടമയെ തോക്കിൻ മുനയിൽ നിർത്തി ജ്വല്ലറി കൊള്ളയടിക്കുകയായിരുന്നു. ഇവർ മുഖം മറച്ചിരുന്നില്ല. സംഘത്തിന്റെ മോഷണം ചെറുക്കുന്നതിനിടെ ഗുല്‍ഷനെ മര്‍ദിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആയുധവുമായി ജ്വല്ലറിയില്‍ കടന്ന സംഘം 25 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും കൈക്കലാക്കിയാണ് കടന്നത്.

നാലംഗ സംഘം ജ്വല്ലറി കൊള്ളയടിക്കുന്നതിന്റെയും സെറ്റ് ടോപ്പ് ബോക്സ് എടുക്കുന്നതിന്റയും ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതുവഴി പ്രതികളെ തിരിച്ചറിയുന്നതിന് കഴിഞ്ഞുവെന്ന് രോഹിണിയിലെ ഡിസിപി എസ്ഡി മിശ്ര പറഞ്ഞു. പ്രതികളെ പിടികൂടാൻ ഒരു ടീമിന് രൂപംനൽകിയതായും തെരച്ചിൽ ഊർജ്ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.