ബിജെപിയെ മാറ്റി നിർത്തുക പ്രധാനം; ശിവസേന സഖ്യത്തിൽ ഇടത് മുന്നണിയിൽ സാഹചര്യം വിശദീകരിക്കുമെന്ന് എൻസിപി കേരള ഘടകം

single-img
11 November 2019

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവിഷയത്തിൽ തങ്ങളുടെ അന്തിമ തീരുമാനം എന്‍സിപി നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്റർ അറിയിച്ചു. അധികാരത്തിൽ നിന്നും ബിജെപിയെ മാറ്റി നിർത്തുകയാണ് പ്രധാനം. മഹാരാഷ്ട്രയിൽ ശിവസേന രൂപീകരിക്കുന്ന സർക്കാരിൽ എൻസിപി പിന്തുണച്ചുകൊണ്ട് ഭാഗമായാൽ കേരളത്തിലെ ഇടത് മുന്നണിയിൽ സാഹചര്യം വിശദീകരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ നില വിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ശരദ് പവാര്‍ തന്നോട് അഭിപ്രായം ചോദിച്ചിരുന്നതായി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമായാണ് എന്‍സിപി പ്രവർത്തിക്കുന്നത്. അതിനാൽ മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണച്ചാല്‍ സാഹചര്യങ്ങള്‍ ഇടതുമുന്നണിയില്‍ ധരിപ്പിക്കും.

2004ലെ തെരഞ്ഞെടുപ്പിലും കേരളത്തിലെ സഖ്യത്തിന് വിരുദ്ധമായി ദേശീയ തലത്തിൽ എൻസിപി – യുപിഎ സർക്കാരിൽ ഭാഗമായിട്ടുണ്ടെന്നും പീതാംബരൻ മാസ്റ്റര്‍ ഓർമിപ്പിച്ചു. അതേസമയം എൻസിപി – ശിവസേന ചർച്ചയിൽ അസ്വാഭാവികത ഇല്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. .

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുക എന്ന നയമാണ് എല്ലാ പാർട്ടികളും സ്വീകരിക്കുന്നത്. അത് തന്നെയാണ് എൻസിപിയും പിന്തുടരുന്നത്. ശരദ് പവാർ എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അതിനെ പാര്‍ട്ടി അംഗീകരിക്കും. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം അന്തിമ തീരുമാനം വന്ന ശേഷമേ ഉണ്ടാകൂ, എ കെ ശശീന്ദ്രൻ പറ‌ഞ്ഞു.