ജെഎന്‍യു വിദ്യാര്‍ത്ഥി സമരം നേരിടാന്‍ അര്‍ദ്ധ സൈനികരും; പെണ്‍കുട്ടികള്‍ക്ക് നേരെ ബലപ്രയോഗവുമായി പുരുഷ പോലീസ്

single-img
11 November 2019

ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റി കാമ്പസിൽ ഫീസ്​ വർദ്ധനവിനും ഡ്രസ് കോഡിനുമെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ തുടരുന്നു. സമരം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ പുരുഷ പോലീസുകാര്‍ ബലപ്രയോഗം നടത്തിയത് സംഘര്‍ഷാവസ്ഥ കൂടാന്‍ കാരണമായി. ഇതോടൊപ്പം അധികൃതര്‍ സമരം നേരിടാന്‍ അര്‍ദ്ധസൈനികരുടെ സേവനം തേടുകയും ചെയ്തിരിക്കുകയാണ്.

അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാലയിലെ അധ്യാപകരും സമരം നടത്തുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലും പങ്കെടുത്ത ബിരുദദാനച്ചടങ്ങ് നടക്കുന്ന വേദിയുടെ സമീപം വിദ്യാര്‍ത്ഥികൾ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടക്കാൻ വിദ്യാര്‍ത്ഥികൾ ശ്രമിച്ചതോടെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് കേന്ദ്ര മാനവശേഷി മന്ത്രിയും വിസിയും പോലീസ് സഹായത്തോടെയാണ്ക്യാം പസിന് പുറത്ത് കടന്നത്.

സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ഇതിനിടയില്‍ ജലപീരങ്കി പ്രയോഗിച്ചു. ഹോസ്റ്റലിലെ ഫീസ് അഞ്ച് ഇരട്ടിയോളം വർദ്ധിപ്പിച്ചതിനെതിരെ കഴിഞ്ഞ 10 ദിവസമായി സര്‍വകലാശാലയില്‍ വിദ്യാർഥികൾ സമരത്തിലാണ്. വിഷയത്തില്‍ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറാകുന്നില്ല എന്നും ആരോപണമുണ്ട്.