‘പള്ളിയല്ല പള്ളിക്കൂടമാണ് വേണ്ടത്’; അയോധ്യ വിധിയില്‍ പ്രതികരണവുമായി നടന്‍ സല്‍മാന്റെ പിതാവ്

single-img
11 November 2019

അയോധ്യ വിധിയിൽ സുപ്രീം കോടതി മുസ്ലീങ്ങള്‍ക്ക് പള്ളി നിർമ്മിക്കാൻ അയോധ്യയിൽ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം എന്ന് വിധിച്ചിരുന്നു. എന്നാല്‍ കോടതി നിർദ്ദേശിച്ച സ്ഥലത്ത് പള്ളിയല്ല പള്ളിക്കൂടമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പിതാവും നിര്‍മ്മാതാവുമായ സലിം ഖാന്‍. രാജ്യത്ത് മുസ്ലീം വിഭാഗക്കാര്‍ക്ക് പള്ളില്ല മറിച്ച് വിദ്യാഭ്യാസമാണ് വേണ്ടത്. ക്ഷമാ ശീലത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമാണ് പ്രവാചകന്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”അയോധ്യയുമായി ബന്ധപ്പെട്ട വിധി വന്നതിന് ശേഷം പ്രവാചകന്‍ പറഞ്ഞ ഈ രണ്ട് ഗുണങ്ങളില്‍നിന്ന് വ്യതിചലിക്കാതെയാകണം ഓരോ മുസ്ലീമും മുന്നോട്ട് സഞ്ചരിക്കേണ്ടത്. പരസ്പരം സ്‌നേഹവും കരുണയും പ്രകടിപ്പിക്കുക. കഴിഞ്ഞുപോയ കാലത്തെ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതെ, മുന്നോട്ട് പോകുക.” സലിം ഖാന്‍ പറഞ്ഞു.

”ഇതുപോലുള്ള സെന്‍സിറ്റീവായ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടുമ്പോള്‍ ഐക്യവും സമാധാനവുമാണ് പുലരേണ്ടത്. വിധിയെ സമാധാനപരമായി സ്വീകരിക്കേണ്ടതാവശ്യമാണ്. വളരെകാലമായി വളരെയധികം വിവാദമുയര്‍ത്തിയ ഒരു വിഷയത്തില്‍ തീര്‍പ്പ് കല്‍പിക്കപ്പെട്ടു. ഇപ്പോൾ ഇതാ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറയുന്നു, ഈ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു.” – അദ്ദേഹം അഭിപ്രായപ്പെട്ടു.

”അയോധ്യ വിഷയത്തിലെ വിധിയെക്കുറിച്ച് മുസ്ലിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. അവര്‍ മുന്നോട്ട് ആശങ്കപ്പെടേണ്ടത് അവരുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ചുമായിരിക്കണം. ഭാവിയിൽ സ്‌കൂളുകളും ആശുപത്രികളുമാണ് നമുക്ക് വേണ്ടത്.

കോടതി പളളി പണിയാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത് ഒരു കോളേജ് നിര്‍മ്മിക്കുന്നതാണ് നല്ലത്. അതുവഴി നമുക്ക് എവിടെ വേണമെങ്കിലും നിസ്‌കരിക്കാന്‍ സാധിക്കും. അതായത് ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുന്ന സമയത്തുമൊക്കെ നിസ്‌കരിക്കാം. ഇനി നമുക്ക് വേണ്ടത് വിദ്യാലയങ്ങളാണ്.

രാജ്യത്തെ 22 കോടി മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയാണെങ്കില്‍ ഇവിടെ പല മാറ്റങ്ങളും സംഭവിക്കാന്‍ കാരണമാകും. ധാരാളം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കും.” സലിം ഖാന്‍ അഭിപ്രായപ്പെടുന്നു.

എക്കാലത്തെയും ബോളിവുഡ് ഹിറ്റായ ഷോലെ, മിസ്റ്റര്‍ ഇന്ത്യ, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ സലിം ഖാന്റേതായിരുന്നു. ഇതിന് പുറമെ ജാവേദ് അക്തറിനൊപ്പം അദ്ദേഹം നിരവധി സിനിമകള്‍ക്ക് തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.