ഗൂഗിൾ മാപ്പ് ചതിച്ചു; കാർ നേരേ പോയി വീണത് പുഴയിൽ

single-img
10 November 2019

തൃശ്ശൂർ: ഗൂഗിൾ മാപ്പ് നോക്കി പോയ യാത്രികർ വഴി തെറ്റി പുഴയിൽ വീണു. പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറിൽ പുറപ്പെട്ട
തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും  കുടുംബത്തിനുമാണ് ഈ ദുരനുഭവം ഉണ്ടായത്.

കാർ യാത്രികരായ 5 പേരും അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. എന്നാൽ കാർ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല.

ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.

കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപ്പോൾ, രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.  ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു.