ശിവസേനയ്ക്ക് പിന്തുണ; മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്താക്കി അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ്

single-img
10 November 2019

മുഖ്യമന്ത്രി പദത്തെ ചൊല്ലി ബിജെപി – ശിവസേന തര്‍ക്കം മുറുകവേ രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എഎല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ അറിയിച്ചു. ഇന്ന് റിസോര്‍ട്ടിനകത്ത് നടന്ന ചര്‍ച്ചയിലാണ് എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ എന്ത് വിലകൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമാണ് എംഎല്‍എമാര്‍. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഇന്ന് രാജസ്ഥാനിലെത്തി എംഎല്‍എമാരെ കാണുകയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് എംഎല്‍എമാരെ ഖാര്‍ഗെ ബോധ്യപ്പെടുത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാണിക് റാവു താക്കറെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട്, മുതിര്‍ന്ന് നേതാവ് അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും റിസോര്‍ട്ടില്‍ തുടരുകയാണ്. നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം ശിവസേന കൂടെയില്ലെങ്കില്‍ സാധിക്കില്ല എന്നതാണ് ബിജെപിയ്ക്ക് എതിരായ ഘടകം.

നിലവില്‍ കോണ്‍ഗ്രസിനെക്കൂടാതെ എന്‍സിപിയും സേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ഉള്ളത്. നിലവില്‍ 23 എംഎല്‍എമാരുടെ പിന്തുണയാണ് ഇനി ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. എങ്ങിനെയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി കുതിരക്കച്ചവടത്തിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും കാണും.