അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി; സ്വീകരിക്കണോ വേണ്ടയോ എന്ന തീരുമാനം യോഗശേഷമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

single-img
10 November 2019

അയോധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി വിധിയിൽ പറഞ്ഞ പ്രകാരം അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന് ഈ മാസം 26 ന് തീരുമാനിക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അറിയിച്ചു. തർക്കഭൂമി ഹിന്ദുക്കൾക്ക് നൽകാൻ വിധിച്ച സുപ്രീംകോടതി പള്ളി പണിയാന്‍ വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയിൽ തന്നെ നൽകാനും ഉത്തരവിട്ടിരുന്നു.

ഇതുവരെ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വഖഫ് ബോര്‍ഡ് ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്നാണ് യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി മാധ്യമങ്ങളോട് പറഞ്ഞത്.

മുൻപ് നവംബര്‍ 13 നായിരുന്നു യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത് പിന്നീട് ഇത് നവംബര്‍ 26 ലേക്ക് മാറ്റുകയായിരുന്നു. ”അയോധ്യയിൽ ബാബ്‌റി മസ്ജിദ് നിര്‍മ്മിക്കാന്‍ ഭൂമി സ്വീകരിക്കരുത് എന്ന് ചില ആളുകള്‍ എന്നോട് പറയുന്നുണ്ട്. എന്നാൽ അത് കൂടുതല്‍ ദൂഷ്യമുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
അതേസമയം മറ്റ് ചില ആളുകള്‍ ഭൂമി ഏറ്റെടുത്ത് പള്ളിക്കൊപ്പം ഒരു വിദ്യാഭ്യാസ സ്ഥാപനം കൂടി തുടങ്ങണമെന്നാണ് പറയുന്നത്.”ഫാറൂഖി മാധ്യമങ്ങളോട് പറഞ്ഞു.

വിത്യസ്ത അഭിപ്രായങ്ങൾ ഉള്ളപ്പോഴും ഭൂമി സംബന്ധിച്ച് സര്‍ക്കാറിന് കോടതിയുടെ ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിൽ ഭൂമി ഏറ്റെടുക്കണമെന്നാണ് യോഗത്തിന്റെ തീരുമാനമെങ്കില്‍ അത് എങ്ങനെ ഏറ്റെടുക്കണമെന്നും എങ്ങനെയായിരിക്കും അതിന്റെ വ്യവസ്ഥകളെന്നും ഞങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേശീയ താല്പര്യത്തെ മാനിച്ച് ഉപാധികളോടെ തര്‍ക്കഭൂമിക്ക് വേണ്ടിയുള്ള അവകാശവാദം പിന്‍വലിക്കാനുംബോര്‍ഡ് കഴിഞ്ഞമാസം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.