അമിത് ഷായുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ശബ്‍ദം ഒന്നാണെന്ന് തെളിഞ്ഞു: രമേശ്‌ ചെന്നിത്തല

single-img
10 November 2019

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെയും കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ശബ്‍ദം ഒന്നാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലുണ്ടായ യുഎപിഎയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തില്‍ മോദി – ഷാ നേതൃത്വം എന്താണോ ആഗ്രഹിച്ചത് ആ കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ബിജെപി പത്രം പറയുന്നത്. എപ്പോഴും സംഘപരിവാറിനെ എതിര്‍ക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കിയിരിക്കുകയാണ് ബിജെപിയുടെ മുഖപത്രം ജന്മഭൂമിയെന്നുംഅദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ സിപിഎം – ബിജെപി പാർട്ടികളുടെ അന്തര്‍ധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാർ മുഖ്യമന്ത്രിക്ക് നല്‍കിയ ഈ ബിഗ് സല്യൂട്ട്. അമിത് ഷാ രാജ്യത്ത് നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയായിരുന്നു ജന്മഭൂമിയില്‍ കുഞ്ഞികണ്ണന്‍ എഴുതിയ ലേഖനം. സമീപ നാളുകളിൽ മുഖ്യമന്ത്രി എടുക്കുന്ന പല നിലപാടുകളും ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് സഹായകരമാണ്.

അതേസമയം ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് കോണ്‍ഗ്രസിന്‍റെ ജനകീയ അടിത്തറ. എന്നാൽ ജനങ്ങളെ വര്‍ഗീയമായും ജാതീയമായും വേര്‍തിരിച്ച് അധികാരത്തില്‍ എത്താനാണ് ബിജെപി എന്നും ശ്രമിക്കുന്നത്. രണ്ടിനുമിടയിൽ ഒരേസമയം വര്‍ഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബിജെപിയിലേക്ക് ആളെകൂട്ടാന്‍ ശ്രമിക്കുകയും, ജാതി വിദ്വേഷം വളര്‍ത്തി തങ്ങളുടെ വോട്ട് ബാങ്ക് വളര്‍ത്തുകയും, അതു വഴി കോണ്‍ഗ്രസിനെ തളര്‍ത്തി, അധികാരത്തില്‍ തുടരുക എന്ന മിനിമം ലക്ഷ്യം ആണ് പിണറായിയെ നയിക്കുന്നത്.

ദേശീയതലത്തിൽ ബിജെപിയുടെ മുദ്രാവാക്യമായ ‘കോണ്‍ഗ്രസ് വിമുക്ത ഭാരതം’ എന്ന ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് സംഘ പരിവാറിനും പിണറായി പ്രീയങ്കരനാകുന്നു. ഇപ്പോൾ പത്രത്തിലൂടെ ആര്‍എസ്എസ് പിണറായിക്ക് നല്‍കിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നല്‍കേണ്ടി വരും.

ഇടത് പക്ഷത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ് പിണറായിയുടെ പിടിയില്‍പ്പെട്ട സിപിഎം. കേരളത്തിലാകെ പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തില്‍ ഇരുട്ടിന്റെ മറവില്‍ നിങ്ങളുടെ നേതാക്കള്‍ പരസ്പരം നല്‍കുന്ന ഈ കൊടും ചതിയുടെ വലിയ സലാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും പാത പിന്തുടരുന്നതിലൂടെ ഇടതു പക്ഷത്തേയും കേരളത്തിന്റെ മതനിരപേക്ഷ മനസിനേയുമാണ് പിണറായി ഒറ്റു കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.