Kerala, Movies

ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; നടി സജിതാ മഠത്തില്‍ ഡിജിപിക്ക് പരാതി നല്‍കി

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്രമണങ്ങള്‍ക്കെതിരെ നടി സജിതാ മഠത്തില്‍. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. തികച്ചും വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുന്നുണ്ടെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ സജിത ആവശ്യപ്പെടുന്നു.

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് പുറമേ തന്നെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടന്നും അതുകൊണ്ടുതന്നെ പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഒരുസ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും നടി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വാരം കോഴിക്കോട് നിന്നും മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച് ബന്ധുവായ സജിത മഠത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സജിത നേരിട്ടത്. ഇതോടൊപ്പം തന്നെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടും നടി ആക്രമികപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടും ചേര്‍ത്തായിരുന്നു ആക്രമണം.