മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലാതെ ശിവസേന

single-img
9 November 2019

മഹാരാഷ്ട്രയിൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ചത്. വരുന്ന തിങ്കളാഴ്ച രാത്രി എട്ടു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതെവന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് സാധിക്കാതെ വരും. ശിവസേനയില്ലാതെ നിയമസഭയില്‍ ഒറ്റയ്ക്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് സാധിക്കില്ല എന്നതാണ് സംസ്ഥാനത്തെ സാഹചര്യം.

മഹാരാഷ്ട്രയില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവില്‍ ബിജെപിക്കുള്ളത് 105 സീറ്റ് മാത്രമാണ്. സഖ്യ കക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുകളുമുണ്ട്. ശിവസേനയും ബിജെപിയും തമ്മില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതിലുള്ള തര്‍ക്കമാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.