ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ കുടുക്കി യാത്രക്കാരന്‍

single-img
9 November 2019

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ കുടുക്കിയത് യാത്രക്കാരന്‍. ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാരൻ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്‍ഫോഴ്സമെന്റ് ആര്‍ടിഒക്ക് വാട്‍സ് ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു.

കെഎസ്ആര്‍ടിസിയുടെ നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലുള്ള ഡ്രൈവര്‍ ചെറായി കോല്‍പ്പുറത്ത് കെ ടി ഷാനിലിനാണ് ഇത്തരത്തിൽ ഒരു പണികിട്ടിയത്. ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.

ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ അയക്കാനുള്ള 9946100100 എന്ന വാട്സ് ആപ്പ് നമ്പറിലാണ് യാത്രികന്‍ ബേസിൽ നിന്നും വീഡിയോ അയച്ചത്. തൃശൂര്‍ ആര്‍ടിഒ പരാതി ലഭിച്ചയുടന്‍തന്നെ ഡ്രൈവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനെ തുടർന്ന് ആര്‍ടിഒ മുമ്പാകെ ഹാജാരായ ഡ്രൈവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഒരുമാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിക്കുകയും മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എടപ്പാള്‍ ഐഡിടിആറില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസിനും അയക്കുകയും ചെയ്‍തു.