അയോധ്യ: ഇന്ത്യയുടെ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്; വിധിയില്‍ ഒട്ടും തൃപ്തരല്ല: അസദുദ്ദീന്‍ ഒവൈസി

single-img
9 November 2019

അയോദ്ധ്യ തർക്കഭൂമി കേസിൽ ഇന്ന് പുറപ്പെടുവിക്കപ്പെട്ട ചരിത്രപരമായസുപ്രീംകോടതി വിധിയില്‍ തൃപ്തനല്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതിയുടെ കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ല. കാരണം അത് വസ്തുതകള്‍ക്ക് മുകളില്‍ വിധിയുടെ വിജയമാണ്.

രാജ്യത്തെ സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമാണ്.പക്ഷെ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ലെന്നും ഒവൈസി ഹൈദരാബാദില്‍ മാധ്യമങ്ങളോട്പറഞ്ഞു. അയോധ്യയുടെ ബന്ധപ്പെട്ട കേസ് ഒരു ചെറിയ ഭൂമിയുടെ മുകലില്‍ ഉള്ള തര്‍ക്കം മാത്രമായിരുന്നില്ല.

യുപിയിൽ എവിടെ വേണമെങ്കിലും ഒരു അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ മുസ്ലിംകള്‍ക്ക് സാധിക്കും. ഇവിടെ പക്ഷെ, മുസ്ലിംകള്‍ അഞ്ചേക്കര്‍ ഭൂമിക്ക് വേണ്ടിയല്ല, അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടിയത്.

ദാനമായി ഞങ്ങൾക്ക് അഞ്ച് ഏക്കര്‍ ഭൂമി വേണ്ട. ഇന്ത്യയുടെ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, പക്ഷെ വിധിയില്‍ ഒട്ടും തൃപ്തരല്ലെന്നും ഒവൈസി ആവര്‍ത്തിച്ച് വ്യക്തമാക്കി. തർക്ക ഭൂമിയിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എങ്ങിനെയാണ് ഇപ്പോൾ അവസാന വിധിന്യായത്തില്‍ കോടതി എത്തിയതെന്ന് മനസ്സിലാകുന്നില്ല. സുപ്രീം കോടതി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ വിശ്വാസമുണ്ടെന്നും അവരെ പിന്തുണയ്ക്കുമെന്നും ഒവൈസി വ്യക്തമാക്കി.