സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

single-img
8 November 2019

പ്രതിപക്ഷത്തെ ഗാന്ധി കുടുംബത്തിൽ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവർക്ക് നൽകുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. എസ്പിജിയ്ക്ക് പകരമായി വിദഗ്ധ പരിശീലനം ലഭിച്ച സിആര്‍പിഎഫ് സേനയുടെ സുരക്ഷയായിരിക്കും നല്‍കുക. മൂവർക്കും ജീവന് നിലവില്‍ നേരിട്ട് ഭീഷണിയില്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഉള്ളാൾ ഇവർക്ക് നിലവിലുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും.

ഇന്ത്യയിൽ വിവിഐപികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്പിജി സുരക്ഷ. നരേന്ദ്രമോദി സർക്കാർ രണ്ടാം വട്ടം അധികാരത്തിൽ വന്ന ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സുരക്ഷയും വെട്ടിച്ചുരുക്കിയിരുന്നു. എസ്പിജി സുരക്ഷയിൽ നിന്നും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു അദ്ദേഹത്തിന് കേന്ദ്രസർക്കാർ പുനര്‍നിശ്ചയിച്ച് നല്‍കിയത്.

മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട ശേഷം 1985 ലാണ് ഇന്ത്യയിൽ എസ്പിജി രൂപീകരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മാത്രമാണ് ഈ സുരക്ഷയുള്ളത്.