ഇടുക്കി റിസോര്‍ട്ടിലെ കൊലപാതകം; റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

single-img
8 November 2019

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ സ്വദേശി റിജോഷിനെ റിസോർട്ടിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ കൊലപാതകം ചെയ്തത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി കയറോ തുണിയോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.

മരിക്കുന്ന സമയം റിജോഷ് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. മൃത ശരീരത്തിൽ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ല. പോലീസ് കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ പറയുന്നു. ഒക്ടോബർ 31ന് കാണാതായ റിജോഷിന്‍റെ മൃതദേഹം ഇന്നലെയായിരുന്നു സ്വകാര്യ റിസോർട്ട് ഭൂമിയിൽ നിന്നും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്നും എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നായിരുന്നു റിജോഷിന്റെ ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. പക്ഷെ കഴിഞ്ഞ തിങ്കളാഴ്ച ലിജിയേയും ഇവർ ജോലി ചെയ്തുകൊണ്ടിരുന്ന സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയം തോന്നുകയും പരാതി നൽകുകയുമായിരുന്നു.

ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇവിടെ കൂടുതൽ കുഴിച്ചുനോക്കിയപ്പോൾ ചാക്കിൽകെട്ടിയ നിലയിൽ റിജോഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതക ശേഷം മൃതദേഹം പാതി കത്തിച്ചായിരുന്നു കുഴിച്ചിട്ടത്. സംഭവത്തിൽ ലിജി, കാമുകൻ വസീം എന്നിവർക്കായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്.