അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം; സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

single-img
8 November 2019

മാവോയിസ്റ്റുകളുമായി ബന്ധം ആരോപിച്ചുകൊണ്ട് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ നിന്ന് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കില്ല. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, അലനും താഹയ്ക്കും എതിരായ യുഎപിഎ വിഷയത്തില്‍ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ പിന്നാലെയാണ് പാര്‍ട്ടി ജില്ലാക്കമ്മിറ്റിയുടെ പ്രസ്താവനയും പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് യുഎപിഎ സമിതി തീരുമാനമെടുക്കട്ടെ എന്നാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത്.

കോഴിക്കോട് ജില്ലാക്കമ്മിറ്റിയുടെ വിലയിരുത്തലിനനുസരിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇത്തരത്തില്‍ ഒരു നിലപാടെടുത്തതെന്നും സൂചനയുണ്ടായിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ ഈ മാസം 14നാണ് കോടതി വീണ്ടും പരിഗണിക്കുക.